തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് ദേശീയ നേതാക്കൾ കൂട്ടത്തോടെ പ്രചരണത്തിൽ സജീവമാകുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തെ വലിയ പ്രാധാന്യത്തോടെ എഐസിസി നേതൃത്വം നോക്കി കാണുന്നതിന്റെ ഭാഗമാണ് ദേശീയ നേതാക്കളുടെ പ്രചരണം. കോൺഗ്രസ് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം എഐസിസി നിരീക്ഷകർ നേരിട്ടാണ് കാഞ്ഞിരപ്പള്ളിയിലെ യൂഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നിയന്ത്രിക്കുന്നത്.

കോൺഗ്രസ് വർക്കിങ് കമ്മിറ്റി മെമ്പറും കർണാടക ഊർജ്ജ വകുപ്പ് മന്ത്രിയുമായ കെ ജെ ജോർജ് മണ്ഡലത്തിന്റെ ഭാവി പദ്ധതികളെ പറ്റി ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. കാഞ്ഞിരപ്പള്ളിയിൽ വലിയ വികസന സാധ്യതയുണ്ടെന്നും യൂ ഡി എഫിന്റെ സമഗ്രമായ വികസന കാഴ്ചപ്പാട് കാഞ്ഞിരപ്പള്ളിക്ക് ഗുണകരമാകുമെന്നും അദ്ദേഹം വിലയിരുത്തി. തെലങ്കാന മന്ത്രിയും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ധീൻ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. ഹൈകമാന്റ് നിർദ്ദേശപ്രകാരം എഐസിസി നിരീക്ഷകൻ ഹുലിഗപ്പ കനകഗിരി മുഴുവൻ സമയവും മണ്ഡലത്തിൽ ചിലവഴിച്ചു പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയാണ്.

മറ്റൊരു നിരീക്ഷകൻ സഞ്ജയ് സിംഗ് മണ്ഡലത്തിൽ രണ്ട് ദിനം ചിലവഴിക്കുമെന്നും അറിയിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രത്യേക ശ്രദ്ധയും താല്പര്യവും കാഞ്ഞിരപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുമെന്നും വികസന പ്രവർത്തനങ്ങൾക്ക് അത് ഗുണകരമാകുമെന്നും വിലയിരുത്തലുണ്ട്.


