തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജനം വോട്ടു ചെയ്യില്ലെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ ജനകീയ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി തനിക്ക് സ്വീകരണം നല്‍കിയിരുന്നു. അവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അടക്കം ഇഷ്ടമുള്ളവര്‍ക്കെല്ലാം പിന്തുണയ്ക്കാം. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിജെപി പിന്തുണ സംബന്ധിച്ച ചോദ്യത്തിന് അര്‍ത്ഥമില്ലെന്നും സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുന്നതില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിനാണ് സന്തോഷമുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍സെല്ലാം ഇപ്പോള്‍ രംഗത്തിറങ്ങി പാര്‍ട്ടിയുടെ പേരില്‍ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് ജനം വോട്ടു ചെയ്യില്ല. അതുകൊണ്ട് സര്‍ക്കാരിന് മൂന്നാമൂഴം ലഭിക്കില്ല. ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ പ്രയാസമാണ്. അക്കാര്യമാണ് താന്‍ പറഞ്ഞതെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. ഇതില്‍ തനിക്ക് ആശയക്കുഴപ്പമില്ല. നിലപാടും മാറ്റിയിട്ടില്ല. ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഉപരിപ്ലവമായിട്ട് കാണുന്നവര്‍ക്കാണ് ആശയക്കുഴപ്പം തോന്നുന്നത്. തെരഞ്ഞെടുപ്പില്‍ ചുമരെഴുത്ത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ചുമരെഴുതിയാല്‍ താന്‍ ഉത്തരവാദിയല്ല. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ താന്‍ നടത്തില്ല. മറ്റാരെങ്കിലും എനിക്കു വേണ്ടി കണ്‍വെന്‍ഷന്‍ നടത്തിയാല്‍ അതില്‍ പങ്കെടുക്കും. എനിക്ക് വോട്ടു ചോദിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്?. താനായിട്ട് ഇലക്ഷന്‍ കമ്മിറ്റിയും ഉണ്ടാക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

