വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
കേരള എൽപിജി സപ്ലൈ ട്രാക്കർ
സിലിണ്ടർ വിതരണം നിരീക്ഷിക്കുന്നതിന് ‘കേരള എൽപിജി സപ്ലൈ ട്രാക്കർ’ എന്ന പേരിൽ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഈ പോർട്ടലിലൂടെ ഇന്ധനകമ്പനികൾക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും വിവരങ്ങൾ അറിയാൻ കഴിയും. ആവശ്യകത കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം വർധിപ്പിക്കാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
പാചകവാതക വിതരണത്തിലെ ക്രമക്കേട് തടയാൻ കർശന നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിലെ ഏഴ് താലുക്കുകളിലായി ഒൻപതു പ്രത്യേക സ്ക്വാഡുകളെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
മുൻഗണന ആർക്കൊക്കെ
ആശുപത്രികൾ, സ്കൂളുകൾ, സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങൾ എന്നിവർക്ക് സിലിണ്ടർ വിതരണത്തിൽ മുൻഗണന നൽകും. ലൈസൻസില്ലാതെ 100 കിലോഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് കുറ്റകരമാണ്.
ഗാർഹിക സിലിണ്ടർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. അവധി ദിവസങ്ങളിൽ ഉൾപ്പെടെ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളിൽ പ്രത്യേക മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കും.

