എതിർത്തട്ടകത്തിലും സ്വന്തം മൈതാനത്തും തോൽവി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ അഞ്ചാം അങ്കത്തിന്. ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ ഇന്ന് നേരിടും. കൊൽക്കത്ത സാൾട്ടലേക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് കളി. രാത്രി 7.30ന് ബംഗളൂരു എഫ്സി മോഹൻ ബഗാൻ സൂപ്പർ ജയന്റുമായി ഏറ്റുമുട്ടും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്. നാല് കളിയിലും തോറ്റതുമാത്രമല്ല, ഒരു ഗോൾ മാത്രമാണ് നേടാനായത്. തോൽവികളിൽ മൂന്നും സ്വന്തം തട്ടകമായ കൊച്ചിയിലാണ്. മറുവശത്ത് നാല് കളിയിൽ രണ്ട് ജയവും ഓരോ തോൽവിയും സമനിലയുമാണ് ഈസ്റ്റ് ബംഗാളിന്. പട്ടികയിൽ അഞ്ചാംസ്ഥാനം.

സീസണിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമുകളിൽ മുഹമ്മദൻസിനൊപ്പമാണ് ബ്ലാസ്റ്റേഴ്സ്. മുഹമ്മദൻസും നാല് കളി തോറ്റു. പത്ത് ഗോൾ വഴങ്ങിയപ്പോൾ രണ്ടെണ്ണം അടിച്ചു. ബ്ലാസ്റ്റേഴ്സ് ആറെണ്ണമാണ് വഴങ്ങിയത്. പ്രധാന കളിക്കാരിൽ ഭൂരിഭാഗവും ടീം വിട്ടുപോയതാണ് ടീമിനെ ഉലച്ചുകളഞ്ഞത്. പുതുതായെത്തിയ വിദേശ താരങ്ങളുടെ പ്രകടനം മോശമാണ്. അവസാന കളിയിൽ ചെന്നൈയിൻ എഫ്സിയോട് ഒറ്റ ഗോളിന് തോറ്റു. ഗോളടിക്കാൻ കഴിയാത്തത് തിരിച്ചടിയാകുന്നു. ഒരു തോൽവി കൂടി വഴങ്ങിയാൽ സ്പാനിഷുകാരൻ പരിശീലകൻ ഡേവിഡ് കറ്റാലയുടെ നില പരുങ്ങലിലാകും.

ആസൂത്രണമില്ലാത്ത മധ്യനിരയും ലക്ഷ്യബോധമില്ലാത്ത ആക്രമണ നിരയുമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. മധ്യനിരയിൽനിന്ന് മുന്നേറ്റത്തിലേക്ക് പന്തൊഴുകുന്നില്ല. വിക്ടർ ബെർതോമ്യു മുന്നേറ്റത്തിൽ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും പിന്തുണ കിട്ടുന്നില്ല. അർധാവസരങ്ങൾ മുതലാക്കാനുമാകുന്നില്ല. പ്രതിരോധത്തിൽ ഗിനിയക്കാരൻ ഔമർ ബായെ ഒഴിവാക്കി. പകരമെത്തിയ ഫാല്ലു എൻഡിയായെ ഇന്ന് ഇറങ്ങിയേക്കും. മുന്നേറ്റത്തിലെത്തിയ സ്കോട്ടിഷുകാരൻ ജയ് ക്വയ്റ്റോണോ കളിക്കുമെന്ന് ഉറപ്പില്ല. മതിയാസ് ഹെർണാണ്ടസ്, ബെർതോമ്യു എന്നിവരും പരിക്കുകാരണം സംശയത്തിലാണ്.

മറുവശത്ത് തുടർജയങ്ങളുമായി ആരംഭിച്ച ഈസ്റ്റ് ബംഗാളിന് അവസാന രണ്ട് കളിയിൽ ആ മികവ് തുടരാനായില്ല. അവസാന കളിയിൽ എഫ്സി ഗോവയ്ക്കെതിരെ സമനില വഴങ്ങി. ജംഷഡ്പുർ എഫ്സിയോട് തോറ്റു. നാല് കളിയിൽ എട്ട് ഗോളാണ് ഈസ്റ്റ് ബംഗാൾ നേടിയത്. അതിൽ നാലും മൊറോക്കോക്കാരൻ യൂഫ് എസെയാറിയുടെ ബൂട്ടിൽനിന്നാണ്. എഡ്മുണ്ട് ലാൽറിൻഡിക, സോൾ ക്രെസ്പോ, മിഗ്വേൽ ഫിഗ്വെയ്റ എന്നിവരും ഈസ്റ്റ് ബംഗാളിനെ കരുത്തരാക്കുന്നു. ബ്രസീലുകാരൻ ഫിഗ്വെയ്റ രണ്ട് ഗോളടിച്ചപ്പോൾ ഒരെണ്ണത്തിന് അവസരമൊരുക്കി. പ്രതിരോധത്തിൽ അൻവർ അലി-ലാൽചുങ്നുംഗ സഖ്യം മൂന്ന് ഗോൾ മാത്രമാണ് വഴങ്ങിയത്. കോച്ച് ഓസ്ക്കാർ ബ്രുസോൺ പ്രതിരോധത്തിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.


