റോഡിലെ കുഴിയിൽ വീണ് രാജ്യത്ത് മരിച്ചവരുടെ പട്ടിക എണ്ണിയാൽ തീരില്ല. എന്നാൽ അതേ റോഡിലെ കുഴിയിൽ വീണ് മരിച്ചെന്ന് കരുതിയ സ്ത്രീയുടെ ശരീരത്തിൽ വീണ്ടും ജീവൻ്റെ തുടിപ്പുണർന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മസ്തിഷ്ക മരണം സംഭവിച്ച യുവതിയെ ഇനി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ വെൻ്റിലേറ്റർ നീക്കി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ആംബുലൻസ് റോഡിലെ കുഴിയിൽ വീണത്. ഇതിന് പിന്നാലെയാണ് യുവതി ജീവിതത്തിലേക്ക് തിരികെ വരുന്നതിൻ്റെ സൂചന പ്രകടിപ്പിച്ചത്. യുവതി സ്വയം ശ്വാസമെടുക്കാൻ തുടങ്ങി.

കൈകാലുകൾ അനക്കുകയും ചെയ്തു. ആദ്യം അമ്പരന്ന ബന്ധുക്കളും ആംബുലൻസ് ജീവനക്കാരും പിന്നാലെ യുവതിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു. യുവതി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിൽ കഴിയിുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിഞ്ഞിരുന്നതെന്നാണ് ലൈവ് മിൻ്റ് റിപ്പോർട്ട് ചെയ്യുന്നത്. യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും ഇനി ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്നുമാണ് ഇവിടുത്തെ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്. യുവതി മരിച്ചെന്ന വിലയിരുത്തലിൽ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകുമ്പോഴാണ് റോഡിലെ കുഴി യുവതിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നത് അദ്ഭുതമായിട്ടാണ് കുടുംബാംഗങ്ങൾ കാണുന്നത്. റോഡിലെ കുഴിയിൽ വീണുണ്ടായ ആഘാതത്തിൽ യുവതിയുടെ ശരീരത്തിലുണ്ടായ എന്ത് മാറ്റമാണ് ചലനശേഷി തിരികെ നൽകിയതെന്ന് ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. തങ്ങളുടെ പ്രിയപ്പെട്ടവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഇപ്പോൾ കുടുംബം.


