വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന് മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി മാറിനില്ക്കാന് പറഞ്ഞതാണ് വിവാദത്തിലായിരിക്കുന്നത്.
”നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ”, എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതിനെതിരെയാണ് ഇടത് സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദര്‍ശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗണ്‍ഷിപ്പിലേത് സ്വകാര്യ സന്ദര്‍ശനം മാത്രമാക്കി നിലനിര്‍ത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയില്‍ നിന്ന് എത്തിയത് ടൗണ്‍ഷിപ്പ് കാണാന്‍ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ടൗണ്‍ഷിപ്പിലേക്ക് വരാന്‍ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നില്ക്കാന് ആവശ്യപ്പെട്ടത്.
മമ്മൂട്ടിയുടെ പ്രവൃത്തി ശരിയായില്ലെന്നാണ് സൈബറിടങ്ങളിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് തന്നെയാണ് വിമര്‍ശനം ഉയര്‍ന്നത്. ആദ്യം പാര്‍ട്ടി, അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും, ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന മിനിമം മര്യാദ കാണിക്കണം, അതിപ്പോ ഏത് കൊമ്പത്തെ മമ്മൂട്ടിയായാലും… തുടങ്ങി മമ്മൂട്ടിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ അഭിപ്രായങ്ങള്‍ നിറയുകയാണ്.
മമ്മൂട്ടി ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി വരുന്നതിന് തൊട്ടുമുമ്പാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി ടൗണ്‍ഷിപ്പിലെത്തി മടങ്ങിയത്. അതുകൊണ്ടുതന്നെ കെ റഫീഖ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ നേരത്തേത്തന്നെ ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നു.

