തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രമുഖ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിൽ.
മീശ വിനീത് എന്ന വിനീത് (26), ജിത്തു (22) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടറിലെത്തി പെട്രോള്‍ പമ്പ് മാനേജർ ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ പണമാണ് പ്രതികൾ കവർന്നത്.
ടിക് ടോക് താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാല്‍സംഗ കേസിലും പ്രതിയാണ്.കവർച്ചയ്ക്കു ശേഷം സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന ഇവർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജിൽ നിന്നാണ് മംഗലപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ് ബി ഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ച് കവർച്ച നടത്തിയത്.സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
There is no ads to display, Please add some