അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി വീണ്ടും സ്‌കൂള്‍ ജീവിതത്തിലേക്ക്. ലോകകപ്പ് നേടിയ ആവേശവുമായി വൈഭവ് 10ാം ക്ലാസിലെ ബോര്‍ഡ് എക്‌സാമിനുള്ള തയ്യാറെടുപ്പിലാണ്.

സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്‌കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ വ്യക്തമാക്കി. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ വ്യക്തമാക്കി.

പത്താം ക്ലാസ് ബോര്‍ഡ് എക്‌സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് നേരിട്ട് വാങ്ങിയിട്ടുണ്ട്. താരത്തിന്റെ സ്‌കൂളിലേക്കുള്ള തിരിച്ചു വരവ് ടീച്ചര്‍മാരിലും മാതാപിതാക്കളിലും സഹ പാഠികളിലുമൊക്കെ ആവേശം നിറയ്ക്കുന്നതു തന്നെയാണ്. എങ്കിലും വൈഭവ് ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണ്. പരീക്ഷ എഴുതാനാണ് വരുന്നത്. ഇത് അക്കാദമിക് പിച്ചാണ് ക്രിക്കറ്റ് പിച്ചല്ല. അതിനാല്‍ അതിന്റേതായ ഗൗരവം വിഷയത്തിനുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഈ മാസം 17 മുതലാണ് ബോര്‍ഡ് എക്‌സാം ആരംഭിക്കുന്നത്.

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്‌സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്‌കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന്‍ ലോകകപ്പില്‍ അടിച്ചെടുത്തു.ലോകകപ്പിലാകെ താരം 30 സിക്‌സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്‌സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You missed