കളിക്കളത്തിലെ പോരിൽ പട്ടാളത്തിനെ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങളുമായി ടീം കേരള ഞായറാഴ്ച കലാശത്തിനിറങ്ങുന്നു. ക്വാർട്ടറിലും സെമിയിലും കാട്ടിയ ആക്രമണവീര്യം അതേപോലെ തുടർന്നാൽ സന്തോഷ് ട്രോഫി എട്ടാമതും കേരളത്തിന്റെ അലമാരയിലിരിക്കും. പ്രതിരോധഫുട്‌ബോളിന്റെ കോട്ടകെട്ടി കേരളക്കുതിപ്പിന് തടയിടാൻ സർവീസസും സജ്ജമാണ്. ധാക്കുവാഖാന സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഫൈനൽ.

ക്വാർട്ടറിൽ എതിരില്ലാത്ത മൂന്നുഗോളിന് ആതിഥേയരായ അസമിനെയും സെമിയിൽ എതിരില്ലാത്ത നാലുഗോളിന് പഞ്ചാബിനെയും തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. 16 ഗോൾ അടിച്ചപ്പോൾ വഴങ്ങിയത് മൂന്നെണ്ണം മാത്രം.

ഫൈനൽത്തലേന്നുനടന്ന പത്രസമ്മേളനത്തിൽ കോച്ച് ഷഫീഖ് ഹസ്സൻ ഊന്നിയതും ടീമിന്റെ ആക്രമണ ഫുട്‌ബോളിലാണ്. ”കൂടുതൽ ഗോളുകൾ നേടുകവഴി സുന്ദരമായ ഫുട്‌ബോൾ കളിക്കാനും കാണികൾക്ക് ആഹ്‌ളാദം പകരാനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്. അത് തുടരാനാവും ശ്രമിക്കുക.” ഗ്രൗണ്ടുമായി പൊരുത്തപ്പെടാൻ സമയമെടുത്തെങ്കിലും ഇപ്പോൾ ടീം സർവസജ്ജമാണെന്ന് കളിക്കാരെ പ്രതിനിധാനംചെയ്ത പ്രതിരോധതാരം എം. മനോജും പറഞ്ഞു.

ടൂർണമെന്റിൽ കേരളത്തിന്റെ ഏകതോൽവി സർവീസസിനെതിരേയാണ്. എങ്കിലും അത് ടീമിനെ അലട്ടേണ്ട സാഹചര്യമില്ല. ക്വാർട്ടറിൽക്കടന്ന ടീം നടത്തിയ ചില പരീക്ഷണങ്ങൾ ഏശാതെപോയതും ചിലനിർഭാഗ്യങ്ങളും ആ കളിയിൽ സംഭവിച്ചിരുന്നു. ഫൈനലിൽ സർവീസസിന് നേരിടേണ്ടിവരുക ഗോൾദാഹമുള്ള തികച്ചും വ്യത്യസ്തമായ ടീമിനെയായിരിക്കും.

