കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് പക്ഷിപ്പനി പടർന്ന് പിടിച്ചത്. കോഴികൾ ചത്ത് വീണതോടെ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. രണ്ട് ഏക്കറിലായി 2500ലധികം കോഴികൾ ഫാമിലുണ്ട്.

ചൊവ്വാഴ്ച രാവിലെ എട്ടിന് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ കോഴികളെ നശിപ്പിക്കാൻ നടപടികൾ തുടങ്ങും. കൂടാതെ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ വളർത്തുന്ന കോഴികളെയും നശിപ്പിക്കും. ആരോഗ്യവിദഗ്ധർ സ്ഥലം സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

