തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും. കലോത്സവത്തിൽ വാശിയേറിയ പോരാട്ടം തുടരുമ്പോൾ, ഇനി എട്ടു മത്സരങ്ങൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്.
സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനത്താണ്. 982 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ഇപ്പോള്‍ 981 പോയിന്റുമായി നാലാം സ്ഥാനത്താണ്.
ഓരോ പോയിന്റിനും വേണ്ടി സ്കൂളുകൾ തമ്മിലുള്ള മത്സരം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണത്തെ വിജയികളെ തീരുമാനിക്കുന്നത് അവസാന നിമിഷ പോരാട്ടങ്ങളാകും. ആധിപത്യം തുടരാൻ വടക്കൻ ജില്ലകൾ ശ്രമിക്കുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് മധ്യകേരളവും തെക്കൻ കേരളവും ശ്രമിക്കുന്നത്. ഉരുൾപ്പൊട്ടൽ ദുരന്തത്തെ അതിജീവിച്ച വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ ഇന്നലെ വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുത്തു.

