കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും. നവംബർ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും.

1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *