സംസ്ഥാനത്ത് പാൽവില കൂട്ടുന്നത് പരിഗണനയിലെന്ന് മിൽമ. ഇക്കാര്യത്തിൽ അഭിപ്രായമറിയിക്കാൻ മിൽമയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു. ഈ മാസം അവസാനംചേരുന്ന ബോർഡ് യോഗത്തിനുമുൻപ് റിപ്പോർട്ട് നൽകണം. വിലകൂട്ടിയാൽ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പഠനം നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.

നിലവിൽ 52 രൂപയ്ക്കാണ് ഒരു ലിറ്റർവിൽക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതൽ 48 രൂപവരെ കർഷകന് ലഭിക്കും. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാൽവില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്. ഒരുദിവസം ശരാശരി 12.6 ലക്ഷം ലിറ്റർ പാലാണ് മിൽമ കേരളത്തിൽനിന്ന് സംഭരിക്കുന്നത്. ശരാശരി 17 ലക്ഷം ലിറ്റർ വിൽക്കുന്നുണ്ട്. അധികമായി വേണ്ട പാൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണമേഖലയിൽനിന്നാണ് വാങ്ങുന്നത്.

യൂണിയനുകളുടെ റിപ്പോർട്ട് കിട്ടിയശേഷം വിലയിൽ അന്തിമ തീരുമാനമെടുക്കുമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. കാലിത്തീറ്റ വിലയിലുൾപ്പെടെ പശുവളർത്തലിൽ വൻതോതിൽ ചെലവ് കൂടിയതിനാൽ വിലകൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം.