ഐഎസ്എൽ കിരീടപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങുക.
162 മത്സരങ്ങൾക്കും 465 ഗോളുകൾക്കും ഒടുവിൽ ഐഎസ്എൽ പതിനൊന്നാം സീസണിലെ കിരീടപ്പോരിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ബെംഗളൂരു എഫ്സിയും നേർക്കുനേർ എത്തുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ഐ എസ് എൽ ഷീൽഡ് ഷെൽഫിലെത്തിച്ച മോഹൻ ബഗാൻ ലക്ഷ്യമിടുന്നത് ഇരട്ടക്കിരീടം. സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്സി സെമിയിൽ എഫ് സി ഗോവയെ തോൽപ്പിച്ചപ്പോൾ ജംഷെഡ്പൂർ എഫ്സിയെ മറികടന്നാണ് മോഹൻ ബഗാൻ കിരീടപ്പോരിനിറങ്ങുന്നത്.

ആക്രമണത്തിൽ ബഗാനും ബെംഗളൂരു എഫ്സിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. ബഗാൻ സീസണിലെ 26 കളിയിൽ 50 ഗോൾ നേടിയപ്പോൾ ബെംഗളൂരു എഫ്സി 27 കളിയിൽ നേടിയത് 48 ഗോൾ. പ്രതിരോധക്കരുത്തിലാണ് ഇരുടീമുകളും തമ്മിൽ പ്രകടമായ വ്യത്യാസമുള്ളത്. ബെംഗളൂരു 33 ഗോൾ വഴങ്ങിയപ്പോൾ ബഗാന്റെ വലയിലെത്തിയത് 18 ഗോൾ മാത്രമാണ്. ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമിനും ഓരോ ജയമാണ് സ്വന്തമാക്കാനായത്.

ബെംഗളൂരുവിൽ ബിഎഫ്സി എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചപ്പോൾ, കൊൽക്കത്തയിൽ ഒറ്റ ഗോൾ ജയത്തിലൂടെ ബഗാൻ മറുപടി നൽകി. മോഹൻ ബഗാൻ അഞ്ചാം കിരീടം ലക്ഷ്യമിടുമ്പോൾ രണ്ടാം കിരീടമാണ് ബെംഗളൂരു എഫ് സിയുടെ ലക്ഷ്യം. 2023ലെ ഫൈനലിൽ ബഗാനോടേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടിയാണ് ബെംഗളൂരു ഇത്തവണത്തെ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.

There is no ads to display, Please add some