പശ്ചിമ ബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് പുറത്ത്. ചുവപ്പിന് പകരം നീലയാണ് പ്രൊഫൈല്‍ ഫോട്ടോകളുടെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്ന നിറം. എന്നാല്‍ ഈ നിറം മാറ്റത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പാർട്ടി വിശദീകരണം.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സിപിഎമ്മിന്റെ നിറം ചുവപ്പല്ലെന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ പുതിയ കെട്ടിടത്തിന്റെ കളർ കാവി അല്ലേ എന്തുകൊണ്ട് ചുവപ്പ് ഒഴിവാക്കിയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ വിശദീകരണം. സിപിഎം പാർട്ടിയുടെ കളർ ചുവപ്പാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. കെട്ടിടത്തിനു കാവി കളറാണെന്ന അഭിപ്രായമുയർന്നതു സംബന്ധിച്ച മാദ്ധ്യമപ്രവർത്തകപുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഈ ചോദ്യം.

കെട്ടിടത്തിന്റെ ഉള്ളില്‍ ആരെങ്കില് ചുവപ്പ് പെയിന്റ് അടിക്കാറുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. ഞാൻ പറഞ്ഞില്ലേ പോസിറ്റിവായ കാര്യങ്ങള്‍ മാത്രം ചർച്ച ചെയ്താല്‍ മതി. വാസ്തു ശില്‍പ്പത്തെപറ്റി ധാരണ ഇല്ലാത്ത ആളുകള്‍ നിരവധിയായ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും. അതൊക്കെ ആധുനിക കളറാണ്. പാർട്ടി കളർ ചുവപ്പാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. കൊടിയുടെ കളറല്ലല്ലോ പാർട്ടി എന്നു പറയുന്നത്. കെട്ടിടത്തിന്റെ ഉള്ളില്‍ ആരെങ്കിലും ചുവപ്പടിക്കാറുണ്ടോ. മനഃശാസ്ത്രപരമായി അടിക്കാൻ പറ്റുന്ന ഏറ്റവും നല്ല നിറം എതാണ്. പോസിറ്റീവ് എനർജി കിട്ടുന്ന നിറം ഏതാണ് എന്നാണു ചോദിച്ചത്. അതു ചുവപ്പല്ല. അതല്ല എന്നു എല്ലാവർക്കും അറിയാമല്ലോയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ബംഗാള്‍ സിപിഎം നടത്തിയ നിറംമാറ്റത്തിന് പിന്നില്‍ പാർട്ടിയ്ക്ക് ചുവപ്പിനോട് പ്രിയം കുറയുന്നുവോ എന്ന സംശയമാണ് ഉയരുന്നത്. ചുവപ്പിന് പഴയതുപോലെ ആളുകളെ ആകർഷിക്കാൻ കഴിയുന്നില്ല. പുതിയ തലമുറയെ സോഷ്യല്‍മീഡിയയില്‍ ആകർഷിക്കാൻ ചുവപ്പിനെക്കാളും നല്ല നിറം നീലയാണെന്നാണ് ബംഗാളിലെ സിപിഎം വിലയിരുത്തുന്നത്. ഫ്രഞ്ച് വിപ്ലവം കാലഘട്ടം മുതല്‍ ലോകവ്യാപകമായി കമ്മ്യൂണിസം, സോഷ്യലിസം, വിപ്ലവം തുടങ്ങിയവയുടെ നിറമായി അറിയപ്പെടുന്നത് ചുവപ്പാണ്.
