സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമൻ്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. രണ്ട് ലോറികൾ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. മണ്ണാർകാട് ഭാഗത്തേക്ക് സിമൻ്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നാല് പെൺ കുട്ടികളാണ് മരിച്ചത്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.

വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. മൂന്ന് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാർഥിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്.

ലോറികൾ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടായ സ്ഥലം സ്ഥിരം അപകട മേഖലയാണെന്നും അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. റോഡ് നിർമാണം അശാസ്ത്രീയമാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടക്കമുള്ളവർ എത്തി നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമം തുടരുകയാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *