കൗമാരക്കാരിയായ മകളെ കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ച 42 കാരിയെ വാടക കൊലയാളി കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. വാടക കൊലയാളി മകളുടെ കാമുകനാണെന്ന് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഒക്ടോബര്‍ ആറിനാണ് അല്‍ക്കയെന്ന യുവതിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് മറ്റൊരാളുമായുള്ള ബന്ധം അമ്മ അല്‍ക്കയെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു. തുടര്‍ന്ന് മകളെ ഇല്ലാതാക്കാന്‍ അമ്മ വാടക കൊലയാളിയെ സമീപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മകളെ കൊലപ്പെടുത്താനായി ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയില്‍ മോചിതനായ സുഭാഷുമായി അല്‍ക്ക ബന്ധപ്പെട്ടു. മകളെ കൊലപ്പെടുത്തിയാല്‍ അരലക്ഷം രൂപയാണ് അമ്മ വാഗ്ദാനം ചെയ്തത്. എന്നാല്‍ താന്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളി മകളുടെ കാമുകനാണെന്ന കാര്യവും സുഭാഷ് സമ്മാനിച്ച ഫോണിലൂടെ ഇരുവരും നിരന്തരം ബന്ധപ്പെടുന്ന കാര്യവും അവര്‍ അറിഞ്ഞിരുന്നില്ല. അല്‍ക്കയുടെ പദ്ധതിയെക്കുറിച്ച് സുഭാഷ് കൗമാരക്കാരിയെ അറിയിച്ചു.
അമ്മയെ കൊലപ്പെടുത്തിയാല്‍ സുഭാഷിനെ വിവാഹം കഴിക്കാമെന്ന് കൗമാരക്കാരി അറിയിച്ചതോടെ ഇരുവരും അതിനായുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. അതേസമയം, മകളെ കൊലപ്പെടുത്തിയാല്‍ അതിന്റെ ഫോട്ടോ അയച്ചുനല്‍കണമെന്ന് നേരത്തെ അല്‍ക്ക വാടകകൊലയാളിയോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മകളെ കൊലപ്പെടുത്തിയ ഫോട്ടോ അയച്ചുകൊടുക്കുകയും പറഞ്ഞ പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ആഗ്രയില്‍ വച്ച് കണ്ടുമുട്ടി. എന്നാല്‍ താന്‍ മകളെ കൊലപ്പെടുത്തിയിട്ടില്ലെന്ന് യുവാവ് അല്‍ക്കയോട് പറഞ്ഞു.
തുടര്‍ന്ന് അമ്മയും മകളും കൊലയാളിയായ കാമുകനും ചേര്‍ന്ന് ഒരുമിച്ച് യാത്ര ചെയ്തു. അതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുവരും ചേര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.