വിവാഹം നടക്കാനിരിക്കെ കാണാതായ വിഷ്‌ണുജിത്തിനായുള്ള അന്വേഷണത്തിൽ വഴിത്തിരിവ്. വിഷ്‌ണുവിന്റെ ഫോൺ ഓണായി. ഊട്ടിയിലെ കൂനൂരിലാണ് ലൊക്കേഷൻ കാണിക്കുന്നത്. മലപ്പുറം പള്ളിപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി(30)നെ ഈ മാസം നാലിനാണ് കാണാതായത്. അവസാനം വിളിച്ചപ്പോൾ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തിൽ നിന്നും വാങ്ങിയിരുന്നുവെന്നും സഹോദരി പറഞ്ഞിരുന്നു. യുവാവ് കഞ്ചിക്കോട് നിന്നും പാലക്കാട്ടേക്ക് ബസ് കയറിയതായാണ് സുഹൃത്തിൽ നിന്ന് അവസാനം ലഭിച്ച വിവരമെന്നും സഹോദരി കൂട്ടിച്ചേർത്തു.

പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നാലാം തീയതി രാത്രി 7.45ന് യുവാവ് കോയമ്പത്തൂർ ബസ് കയറുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലുള്ളത് വിഷ്ണു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിരുന്നു. പോകുന്ന വിവരമൊന്നും നേരത്തെ പറഞ്ഞിരുന്നില്ലെന്നും കല്യാണത്തിന്റെ ആവശ്യത്തിനായി പോയെന്ന് അവിടെ എത്തിയിട്ടാണ് വിളിച്ചുപറഞ്ഞതെന്നും സഹോദരി പറഞ്ഞു.

സെപ്റ്റംബർ എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഈ മാസം നാലിനാണ് യുവാവ് പാലക്കാട് പോയത്. അതിനു ശേഷം വീ‌ട്ടിൽ തിരിച്ചെത്തിയിട്ടില്ല. വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാനാണ് വിഷ്ണു പാലക്കാട് സുഹൃത്തിന്റെ പക്കലെത്തിയത്. അന്ന് എട്ടു മണിക്ക് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെയും, സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു. ചെറിയ പ്രശ്നം ഉണ്ട്, അത് തീർത്തിട്ട് വരാം എന്ന് പറഞ്ഞു. എന്താണ് പ്രശ്നമെന്ന് പറഞ്ഞില്ലെന്നും സഹോദരി പറഞ്ഞു. താലിമാലയും മോതിരവും മാത്രമാണ് വാങ്ങാൻ ബാക്കിയുണ്ടായിരുന്നത്. മറ്റ് പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും സഹോദരി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *