സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. മുൻ വർഷങ്ങളിലേതുപോലെ സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് കിറ്റിലെ ഉൽപ്പന്നങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായ അംഗങ്ങൾക്കും പെൻഷണർമാർക്കും കുടിയേറ്റ തൊഴിലാളികൾക്കും കെട്ടിടനിർമ്മാണ ക്ഷേമ ബോർഡിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തു.

മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയും പെൻഷണർമാരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങൾക്ക് 50,000 രൂപയും മറ്റ് രീതിയിൽ ദുരന്തം ബാധിച്ചവർക്ക് 5000 രൂപയുമാണ് ആശ്വാസ ധനസഹായമായി നൽകിയത്. മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേർക്കായി 15,35,000 രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തിൽ ബോർഡ് വിതരണം ചെയ്തത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *