ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി.

ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു.

ചേര്‍ത്തലയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആശയും ആൺസുഹൃത്ത് രതീഷും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതികളായ രതീഷിനെയും ആശയെയും രതീഷിന്‍റെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. വീടിന്‍റെ സമീത്തും കുറ്റിക്കാട്ടിലും ഉള്‍പ്പെടെ പരിശോധന നടത്തി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.

കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ നിന്നും പൊതിഞ്ഞുകൊണ്ടുവന്ന തുണി പൊന്തക്കാട്ടിൽ ഉപേക്ഷിച്ചെന്നായിരുന്നു മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ സെപ്റ്റിക് ടാങ്കിന് സമീപത്തും പൊലീസ് പരിശോധന നടത്തി. നാളെയും പരിശോധന തുടരും. പൂക്കടക്കാരനാണ് പ്രതി രതീഷ്. രതീഷിൻ്റെ വീട്ടിൽ കുഞ്ഞിനെ കുഴിച്ചു മൂടിയെന്നാണ് മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയതും തുടര്‍ന്ന് ശുചിമുറിയിൽ നിന്നും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതും.

പള്ളിപ്പുറം സ്വദേശിയായ ആശ ഡിസംബർ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റായത്. 26 ന് പ്രസവിച്ചു. 31 ന് ആശുപത്രിയിൽ നിന്നും വിട്ട ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഉണ്ടായിരുന്നില്ല. പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാൻ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാർഡ് മെമ്പറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു.

വാര്‍ഡ് മെമ്പര്‍ ഷിൽജ അറിയിച്ചത് അനുസരിച്ച് പൊലീസും അന്വേഷണം നടത്തി. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് സ്ത്രീ പൊലീസിനോടും ആദ്യം പറഞ്ഞത്. ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയെന്ന് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You missed