അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ: ദി റൂൾ’ എന്ന ചിത്രത്തിൻ്റെ ടീസർ ഏപ്രിൽ എട്ടിന് പുറത്തിറക്കും. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ 2021-ൽ പുറത്തിറങ്ങിയ പുഷ്പ; ദ റൈസ് എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗമാണ് ‘പുഷ്പ: ദി റൂൾ’. സുകുമാർ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷകശ്രദ്ധയും പുരസ്കാരങ്ങളും നേടിയിരുന്നു.

അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കുന്നത്. 2024 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയേറ്ററുകളിലെത്തുന്നത്.

2021-ൽ പുറത്തിറങ്ങി പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യയിലുടനീളമുള്ള സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. നടൻ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തിരുന്നു ചിത്രം.

മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ഗംഭീര വരവേൽപ്പ് ലഭിച്ചിരുന്നു.

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആർഒ: ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *