ചെന്നൈ: ലോകത്ത് ഏറ്റവുമധികം ആരാധകരും കാണികളും പ്രേക്ഷകരുമുള്ള ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ാം എഡിഷന് ഇന്ന് തുടക്കം.

കിരീടം നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്സും ബെംഗളൂരുവിലേക്ക് ഇരട്ടക്കിരീടം എത്തിക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പുതിയ സീസണ് തുടക്കമിടുന്നു. ഉദ്ഘാടന പോരാട്ടത്തില്‍ ചെപ്പോക്ക് കരുതിവച്ചിരിക്കുന്നത് എന്തെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

42–ാം വയസില്‍ ധോണി ആറാം കിരീടം ഉയര്‍ത്തുമോ, അതോ കന്നിക്കിരീടം വിരാട് കോലിയുടെ കൈകളിലേയ്ക്കെത്തുമോ?. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ എന്നും വിറപ്പിച്ചിട്ടുള്ള ചെപ്പോക്കിലേയ്ക്കാണ് ആദ്യ പോരാട്ടത്തിന് ഫാഫ് ഡുപ്ലസിയും കൂട്ടരുമെത്തുന്നത്.

അയല്‍ക്കാര്‍ ചെപ്പോക്കില്‍ നിന്ന് തോറ്റുമടങ്ങിയത് ഏഴുവട്ടം. ഏകജയം പിറന്നത് ആദ്യ സീസണില്‍. ഡിവന്‍ കോണ്‍വെയുടെ അഭാവത്തില്‍ ഫോമിലുള്ള രചിന്‍ രവീന്ദ്രയുടെ അരങ്ങേറ്റവും കാണാം. രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റനര്‍, മോയിന്‍ അലി, മഹീഷ് തീക്ഷണ എന്നിവരാണ് ചെപ്പോക്കിലെ സ്പിന്‍ പിച്ചില്‍ ധോണിയുടെ വജ്രായുധങ്ങള്‍.

പരുക്കേറ്റ ലങ്കന്‍ പേസര്‍ മതീഷ പതിരാന ആദ്യമല്‍സരത്തിനുണ്ടായേക്കില്ല. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോലിയെയും ഇന്ന് കളത്തില്‍ കാണാം. ഓസീസ് കരുത്തുമായി കാമറൂണ്‍ ഗ്രീനും ഗ്ലെന്‍ മാക്സ്വെല്ലും ചേരുന്നു.

കരുത്തുറ്റ ബാറ്റിങ് നിരയ്ക്കൊപ്പം ദുര്‍ബലമായ ബോളിങ് നിരയും ചേരുന്ന സമവാക്യം ഇക്കുറിയും ബാംഗ്ലൂര്‍ കൈവിട്ടിട്ടില്ല. മുഹമ്മദ് സിറാജ് നയിക്കുന്ന ബോളിങ് നിരയില്‍ സ്പിന്നര്‍മാരുെടയും നല്ലൊരു ഡെത്ത് ഓവര്‍ ബോളറുടെയും അഭാവം ആശങ്കയാകുന്നു. രാത്രി എട്ടുമണിക്കാണ് മല്‍സരം.

Leave a Reply

Your email address will not be published. Required fields are marked *