തിരുവനന്തപുരം: കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെ, കേരളത്തിലെ എട്ട് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വേനല്‍ ചൂടില്‍ ഉരുകുന്നതിനിടെ മഴ ലഭിച്ചാല്‍ കേരളത്തിന് ആശ്വാസമാകും.
അതിനിടെ മാര്‍ച്ച് 14 മുതല്‍ 18 വരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2- 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

