ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയില്‍ സൂപ്പര്‍താര പദവി കൈയൈളിയിരുന്ന വിജയകാന്തിനെ ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ സംബോധന ചെയ്തത്. ഡിഎംഡികെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അദ്ദേഹം രണ്ട് തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു.
തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു. 1952 ഓഗസ്റ്റ് 25 ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗര്‍സ്വാമി എന്നാണ് ഔദ്യോഗിക നാമം.
1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങി.
നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്.
