പാലക്കാട്: പെർമിറ്റ് ലംഘിച്ചെന്ന് കാട്ടി തമിഴ്നാട് മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതര്‍ തീരുമാനിച്ചത്.
ശനിയാഴ്‌ച തമിഴ് നാട്ടിൽ മാത്രം എഴുപതിനായിരത്തി നാനൂറ്റി പത്ത് രൂപയാണ് പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിന് പിഴയിട്ടത്. അടുത്തദിവസം വീണ്ടും ബസ് ആസൂത്രിതമായി കസ്റ്റഡിയിലെടുത്തതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നായിരുന്നു ബേബി ഗിരീഷിന്റെ വാദം.
അതേസമയം, റോബിൻ ബസ് ഇന്ന് മുതൽ സാധാരണ പോലെ സർവീസ് നടത്തുമെന്ന് ഉടമ അറിയിച്ചു. വൈകീട്ട് 5 മണി മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമെന്നാണ് ഗിരീഷ് അറിയിച്ചത്.
