തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 221986 വോട്ടുകളാണ് രാഹുൽ നേടിയത്. 168588 വോട്ടുകൾ നേടി അബിൻ വർക്കി രണ്ടാം സ്ഥാനത്തെത്തി. 31930 വോട്ടുകൾ നേടി അരിത ബാബുവാണ് മൂന്നാം സ്ഥാനത്ത്. .
അബിൻ, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. ഐ ഗ്രൂപ്പിന് ആറ് ജില്ലാ പ്രസിഡന്റുമാരെയും എ ഗ്രൂപ്പിന് അഞ്ചു ജില്ലാ പ്രസിഡന്റുമാരെയും ലഭിച്ചു. എറണാകുളത്തെ ഫലം പ്രഖ്യാപിച്ചില്ല. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ആകെ 7,29,626 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 2,16,462 വോട്ടുകൾ അസാധുവായി. തിരഞ്ഞെടുപ്പു നടന്നു രണ്ടുമാസങ്ങൾക്കു ശേഷമാണു ഫലം വരുന്നത്.
വ്യക്തിപരമായ ഉത്തരവാദിത്തവും സംഘടനാബോധവും കൂട്ടുനിന്ന വിജയമാണിതെന്നും ഫലമറിയാൻ ഉമ്മൻ ചാണ്ടി ഇല്ലയെന്നത് സങ്കടമെന്നും വിജയത്തിനുപിന്നാലെ രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പു പോരാട്ടം നേതാക്കൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.