തിരുവനന്തപുരം: അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ഒരു മാസത്തെ റേഷൻ വിതരണം അവസാനിച്ച് അടുത്ത മാസത്തെ റേഷൻ വിതരണം ആരംഭിക്കും മുമ്പ് റേഷൻ വിഹിതം സംബന്ധിച്ച് ഇ പോസ് മെഷീനിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാൽ നിലവിൽ മാസത്തെ ആദ്യത്തെ പ്രവൃത്തിദിനം വൈകീട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കുന്നത്.
ഈ സാഹചര്യത്തിലാണ് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി വേണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യമുന്നയിച്ചത്. നിലവിൽ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് റേഷൻ കടകൾക്ക് അവധിയുള്ളത്.