എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 2241 സ്കൂളില്‍ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായത്. വയനാട് ജില്ലയിലാണ് കൂടുതല്‍ തോല്‍വി ഉള്ളത്. 6.3 ശതമാണ്. കൊല്ലത്ത് കുറവ് തോല്‍വി. ഹിന്ദിയിലാണ് കൂടുതല്‍ കുട്ടികള്‍ തോറ്റത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോല്‍വി. ഇനിയും സ്കൂളുകളില്‍ നിന്ന് കണക്ക് വരാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക്. മിനിമം മാർക്കിനെ എതിർക്കുന്നവർ കുട്ടികളുടെ സ്ഥിതി മനസ്സിലാകണമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. ജില്ലാടിസ്ഥാനത്തില്‍ മിനിമം മാർക്ക് കണക്കുകള്‍ പരിശോധിക്കും. കണക്കുകള്‍ ഒത്ത് നോക്കും. ഒരു വിഷയത്തിന് മാത്രം കൂടുതല്‍ കുട്ടികള്‍ തോല്‍ക്കുന്നത് പരിശോധിക്കണം. എഴുത്ത് പരീക്ഷയില്‍ യോഗ്യത മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങള്‍ രക്ഷകർത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാർത്ഥികള്‍ക്ക് ഏപ്രില്‍ 8 മുതല്‍ 24 വരെ പ്രത്യേക ക്ലാസുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളുടെ ക്ലാസില്‍ മാത്രം വിദ്യാർഥികള്‍ പങ്കെടുത്താല്‍ മതിയാകും. രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും പ്രത്യേക ക്ലാസ്. ഏപ്രില്‍ 25 മുതല്‍ 28 വരെ അതത് വിഷയങ്ങളില്‍ ഈ വിദ്യാർഥികള്‍ക്ക് പുനഃപരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 30 ന് പുനഃപരീക്ഷാ ഫലം പ്രഖ്യാപിക്കും. അടുത്ത വർഷം ഏഴാം ക്ലാസില്‍ മിനിമം മാർക്ക് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ലഹരി വിരുദ്ധ പ്രചരണത്തിന് പുതിയ അധ്യായന വർഷം മുതല്‍ പദ്ധതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം. രക്ഷിതാക്കളുടെ പിന്തുണ ഉണ്ടാകണം. കുട്ടികളുടെ തെറ്റ് പിടികൂടിയാല്‍ രക്ഷിതാക്കള്‍ പക്ഷം പിടിക്കരുത്. എല്ലാ ദിവസം വൈകീട്ട് അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചിരിക്കണമെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

There is no ads to display, Please add some