കണ്ണൂർ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായി 22 വർഷത്തോളം നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലീസ് ബംഗളൂരുവിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷ് (49) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

2001-ലെ കൊമ്പ്ര പ്രദീപൻ വധക്കേസ്,2004-ലെ രവീന്ദ്രൻ വധക്കേസ്, യോഗാനന്ദൻ വധശ്രമക്കേസ് തുടങ്ങി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് സുപ്രധാന കേസുകളിൽ പ്രതിയാണ് രാഗേഷ്. ഈ കേസുകളിൽ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

പഴയ ഫോട്ടോയും ‘സാബു’ എന്ന പുതിയ വിലാസവും
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ എസിപി വിവി. മനോജ്, കണ്ണൂർ എസിപി അസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാസങ്ങളായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.

പ്രതിയുടെ ജന്മനാട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ വർഷങ്ങൾക്ക് മുൻപ് ബംഗളൂരുവിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചു. പഴയൊരു സുഹൃത്തിൽ നിന്ന് ലഭിച്ച അവ്യക്തമായ ഫോട്ടോ സൈബർ ഫോറൻസിക് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ വ്യക്തത വരുത്തിയാണ് അന്വേഷണസംഘം ബംഗളൂരുവിലേക്ക് തിരിച്ചത്.

