കോളേജ് ഹോസ്റ്റലുകളില്‍ നിന്ന് പലതരത്തിലുള്ള മോഷണങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ പുലര്‍ച്ചെ നടന്നത് സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള വിചിത്രമായ മോഷണശ്രമമാണ്. ഹോസ്റ്റലിലെ കട്ടിലുകള്‍ കടത്താന്‍ നോക്കിയ കോളേജിലെ തന്നെ ഒരു പൂര്‍വവിദ്യാര്‍ഥിയാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്.
അങ്കമാലി സ്വദേശിയായ ആന്‍സ്റ്റണ്‍ എന്ന ഇരുപത്തിനാലുകാരനാണ് ഈ വിരുതന്‍. ഇയാള്‍ 2024ല്‍ മഹാരാജാസില്‍ നിന്നും ബോട്ടണി ബിരുദം പൂര്‍ത്തിയാക്കി ഇറങ്ങിയ ആളാണ്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടക്കുന്നത്. സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന ‘പോര്‍ട്ടര്‍’ ആപ്പ് വഴി ആന്‍സ്റ്റണ്‍ ഒരു വലിയ പിക്കപ്പ് വണ്ടി ബുക്ക് ചെയ്ത് നേരെ മഹാരാജാസ് ഹോസ്റ്റല്‍ വളപ്പിലേക്ക് എത്തിച്ചു.
ആരും കാണില്ലെന്ന് കരുതി ഹോസ്റ്റല്‍ മുറികളില്‍ കയറി ഒന്നിന് പുറകെ ഒന്നായി എട്ട് ഇരുമ്പ് കട്ടിലുകളാണ് ഇയാള്‍ അഴിച്ച് വണ്ടിയിലേക്ക് കയറ്റിയത്. കട്ടിലുകള്‍ വണ്ടിയില്‍ കയറ്റി കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെയാണ് ഹോസ്റ്റല്‍ വാര്‍ഡന്റെ ശ്രദ്ധയില്‍ ഈ സംഭവം പെടുന്നത്. പുലര്‍ച്ചെ തന്നെ കട്ടിലുകളുമായി കടക്കാന്‍ നോക്കുന്ന ആന്‍സ്റ്റണെ വാര്‍ഡന്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു.ഈ കട്ടിലുകളിലൊക്കെ ഭയങ്കര മൂട്ട ശല്യമാണ്.
അതുകൊണ്ട് ഇതൊക്കെ അങ്കമാലിയില്‍ കൊണ്ടുപോയി നന്നായി കെമിക്കല്‍ അടിച്ച് (മരുന്ന് തളിച്ച്) മൂട്ടയെ ഒക്കെ കളഞ്ഞ് വൃത്തിയാക്കി തിരികെ കൊണ്ടുവരാന്‍ പോവുകയാണ്’ -ചോദ്യം ചെയ്ത വാര്‍ഡനോട് യാതൊരു കുലുക്കവുമില്ലാതെ ആന്‍സ്റ്റണ്‍ നല്‍കിയ മറുപടി ഇതായിരുന്നു. എന്നാല്‍ ആരാണ് ഇതിനായി ചുമതലപ്പെടുത്തിയത്, കോളേജ് അധികൃതരുടെ അനുമതി പത്രം എവിടെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആന്‍സ്റ്റണ്‍ പതറി.
സംശയം തോന്നിയ വാര്‍ഡന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സെന്‍ട്രല്‍ പൊലീസ് ആന്‍സ്റ്റണെ കസ്റ്റഡിയിലെടുത്തു. കോളജ് അധികൃതരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്തിനാണ് ഇയാള്‍ ഹോസ്റ്റലിലെ കട്ടിലുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

