വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത് എന്ന് തന്നെയാണ് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നിലപാടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാമാക്കി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പാണക്കാട്ടെ തങ്ങളുടെ വസതി സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ സർക്കാരിന് സ്വന്തമായി മദ്യനയമുണ്ടാകുമെന്നും പാർട്ടി നിലപാട് അതിൽ വ്യക്തമാക്കുമെന്നും പറഞ്ഞ തങ്ങൾ, യുഡിഎഫിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ വിദ്യാർത്ഥികൾ സംസ്ഥാനത്തിന്റെ പരമ്പരാഗത വിദ്യാഭ്യാസ രീതിക്ക് അനുസൃതമായി തന്നെ പഠനം തുടരുമെന്നും കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ലീഗ് സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു.
തെരഞ്ഞെടുത്ത സർക്കാർ വിദ്യാലയങ്ങളെ മാതൃകാ സ്ഥാപനങ്ങളായി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പിഎം ശ്രീ. യുഡിഎഫ് സർക്കാരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ്, പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ശക്തമായി എതിർത്തിരുന്നു.മുൻപ് അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും യുഡിഎഫിന്റെയും എൽഡിഎഫിലെ ചില വിഭാഗങ്ങളുടെയും പ്രതിഷേധത്തെ തുടർന്ന് ഇത് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
തുടർന്ന് അധികാരമേറ്റ യുഡിഎഫ് സർക്കാർ ഈ വിഷയം പരിശോധിക്കാൻ ഒരു ഉപസമിതി രൂപീകരിക്കുകയായിരുന്നു. ഉപസമിതി പഠനം പൂർത്തിയാക്കിയ ശേഷം കൃത്യമായ തീരുമാനമെടുക്കുമെന്നും ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായി പരിഹരിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നും തങ്ങൾ അറിയിച്ചു. വിദ്യാഭ്യാസ കാര്യത്തിൽ സംസ്ഥാന സർക്കാരിന് വ്യക്തമായ നയമുണ്ടെന്നും അതിനപ്പുറത്തേക്ക് ഒരു തീരുമാനവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

