റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നിലവില്‍ 200 രൂപയാണ് താങ്ങുവില. നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വയനാട്, ഇടുക്കി ജില്ലകളുടെ സമഗ്ര വികസനത്തിന് ബജറ്റില്‍ പാക്കേജ് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി കൂട്ടിയതായും വി ഡി സതീശന്‍ അറിയിച്ചു.

അഞ്ചു വര്‍ഷത്തിനകം ലോക മാരിടൈം ഭൂപടത്തില്‍ കേരളത്തെ വന്‍ ശക്തിയാക്കാന്‍ മിഷന്‍ സമുദ്ര നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കേരളത്തെ ഒരു പോര്‍ട്ട് സിറ്റിയായാണ് വിഭാവനം ചെയ്യുന്നത്. റോഡ്, റെയില്‍, സമുദ്രം ഉള്‍നാടന്‍ ജലപാതകള്‍ , നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയെയെല്ലാം ബന്ധിപ്പിച്ച് കൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി കന്നിബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *