മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും തമിഴ്‌നാടിന്റെ അനുമതിയില്ലാതെ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ.ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ കേരള സർക്കാർ അണിയറയിൽ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തമിഴ്‌നാടിന്റെ താല്പര്യങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ ഇത്തരം നീക്കങ്ങളെ പൂർണ്ണമായി തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ പറഞ്ഞു.

കേരളവുമായുള്ള തർക്കത്തിന് പുറമെ, അയൽ സംസ്ഥാനമായ കർണ്ണാടകവുമായുള്ള ജലവിനിയോഗ വിഷയത്തിലും തമിഴ്‌നാട് തങ്ങളുടെ നിലപാട് കടുപ്പിച്ചു. കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം കൃത്യമായി ലഭിക്കുന്നതിൽ എല്ലാ വർഷവും വിവിധ തരത്തിലുള്ള തടസങ്ങൾ നിലനിൽക്കുന്നുണ്ട്. കാവേരിക്ക് കുറുകെ മേക്കേദാടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം തമിഴ്‌നാട്ടിലെ അതിർത്തി കർഷകരെ വലിയ തോതിൽ ബാധിക്കുമെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കർണ്ണാടകയുടെ ഡാം നിർമ്മാണത്തിനെതിരെ തമിഴ്‌നാട് സർക്കാർ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. സംസ്ഥാനത്ത് വരൾച്ച പ്രതിരോധിക്കുന്നതിനായി ആവശ്യമുള്ള പ്രദേശങ്ങളിൽ പുതിയ തടയണകൾ നിർമ്മിച്ചും മഴവെള്ള സംഭരണം ഊർജ്ജിതമാക്കിയും ഭൂഗർഭജല നിരപ്പ് സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *