പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 2023 ഫെബ്രുവരിയില്‍ അയല്‍വാസി ശ്രീകുമാറാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 3യാണ് ശിക്ഷ വിധിച്ചത്.
പൊലീസ് ശേഖരിച്ച സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ശിക്ഷാവിധിക്ക് ശേഷം പ്രോസിക്യൂഷന് മാധ്യമങ്ങളോട് പറഫഞ്ഞു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
കനാലില്‍ വീണാണ് അനന്തുവിന്റെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച അനന്തുവിനെ അയല്‍വാസിയായ ശ്രീകുമാര്‍ അടിച്ചു കൊന്ന് കനാലില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവദിവസം എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ വേണ്ടി കുറെ നേരം കാത്തു നിന്നു. സുഹൃത്തുക്കള്‍ മടങ്ങിയതിനു പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. അതിനുശേഷം മൃതദേഹം സംഭവ സ്ഥലത്ത് നിന്നു 400 മീറ്ററോളം അകലെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതി ഉപേക്ഷിച്ച കമ്പിവടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്നു പൊലീസ് കണ്ടെത്തി. ഇത് കേസില്‍ നിര്‍ണായക തെളിവായി.

