ടൊവിനോ തോമസ് നായകനായെത്തുന്ന ‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി നീട്ടിവച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതോടെയാണ് റിലീസ് നീട്ടിവച്ചതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ പോയത്.
ഏപ്രിൽ 15 ന് വിഷുദിനത്തിൽ ചിത്രം റിലീസിനെത്തും. ഏപ്രിൽ 10 നായിരുന്നു ചിത്രം മുൻപ് റിലീസ് ചെയ്യാനിരുന്നത്. ‘‘കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മൺമറഞ്ഞുപോയ ഒരു അസാധാരണനായ ചട്ടമ്പിയുടെ കഥ പറയാൻ ഞങ്ങൾ എത്തുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സാങ്കേതിക തടസ്സം നേരിടുകയാണ്.
അതിനാൽ സിനിമയുടെ റിലീസ് ഏപ്രിൽ 15 വിഷു ദിനത്തിലേക്ക് മാറ്റേണ്ടി വന്നിരിക്കുന്നു. ഈ അവസരത്തിൽ നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’’–അണിയറക്കാരുടെ വാക്കുകൾ.
ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയാണ്. കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്.വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ്യുമാണ്.വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം. ടി എസ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

