കാസര്‍കോഡ് 5 വയസുകാരനോടും 13 വയസുകാരനോടും രണ്ടാനച്ഛന്റെ ക്രൂരത. അതി ക്രൂരമായി മര്‍ദിച്ചെന്നാണ് കുട്ടികളുടെ മൊഴി. 5 വയസുകാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പൊലീസിന് കൈമാറിയതോടെ രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സംഭവത്തെക്കുറിച്ചുള്ള പരാതി പൊലീസിന് ലഭിക്കുന്നത്.
അയല്‍വാസി ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നേരത്തയും രണ്ടാനച്ഛന് കുട്ടികളെ മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയല്‍വാസികള്‍ ദൃശ്യം പകര്‍ത്തി പൊലീസിന് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മര്‍ദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വര്‍ഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയും താമസിക്കുന്നത്. ഇവരില്‍ ഏറ്റവും ഇളയ കുട്ടിക്കാണ് മര്‍ദനമേറ്റത്.
യാതൊരു കാരണവുമില്ലാതെയാണ് ഇയാള്‍ പതിവായി കുട്ടികളെ ആക്രമിക്കുന്നത്. അയല്‍വാസി കുഞ്ഞിന്റെ കരച്ചില് കേട്ടാണ് സംഭവം അറിയുന്നതും വീഡിയോ ചിത്രീകരിച്ചതും. പരിക്കേറ്റ കുട്ടികളെ വിദഗ്ധ പരിശോധനക്കായി കുട്ടിയെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛന് ഐസ് വച്ച് മുഖത്ത് ഇടിച്ചതായും ചവിട്ടിയതായും മുടിപിടിച്ച് വലിച്ചതായും കുട്ടി പറഞ്ഞു.
കഴിഞ്ഞ നാല് മാസം മുമ്പ് വരെ കുട്ടികള്‍ തനിക്കൊപ്പമായിരുന്നു എന്ന് കുട്ടിയുടെ അച്ഛന് പറയുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുന്നത്. അമ്മ കുട്ടികളെ മര്‍ദിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ പിതാവ് ആരോപിച്ചു.

