കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം സിക്കഡ (Cicada) എന്ന് വിളിക്കുന്ന ബിഎ 3.2 യുഎസ്സിൽ വ്യാപിക്കുന്നത് ആശങ്ക പരത്തുന്നു. മറ്റ് വകഭേദങ്ങളെ പോലെ ശ്വസനത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് സിക്കഡയും പകരുന്നത്. 75 ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചതാണ് പുതിയ വകഭേദം. ക്ലിനിക്കൽ സാമ്പ്ളുകളിലും മലിനജലത്തിലുമെല്ലാം പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്.
സിക്കഡ എന്ന ഷഡ്പദങ്ങൾ വർഷങ്ങളോളം മണ്ണിനടിയിൽ കഴിഞ്ഞ ശേഷം പെട്ടെന്നൊരു ദിവസം പുറത്തു വരുന്ന പോലെ ഏതാണ്ട് രണ്ട് വർഷം വരെ മനുഷ്യശരീരത്തിൽ ഒളിച്ചിരിക്കാനും അതിന് ശേഷമായിരിക്കും ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുക. 2022ന്റെ തുടക്കത്തിൽ കണ്ടെത്തിയ ബിഎ 3 എന്ന ഒമിക്രോൺ വകഭേദത്തിൽ നിന്നാണ് സിക്കഡയുടെ ഉത്ഭവം. 2024ൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു സാമ്പിളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. രോഗപ്രതിരോധ ശേഷി കുറഞ്ഞ മനുഷ്യരിൽ വർഷങ്ങളോളം മറഞ്ഞിരിക്കുകയോ മൃഗങ്ങളിലൂടെയോ ആകാം ഇത് പരിണമിച്ചതെന്ന് കരുതുന്നു.
അമേരിക്കയിൽ മാത്രം 25ഓളം സംസ്ഥാനങ്ങളിൽ ബിഎ 3.2ന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരായ ആളുകളിൽ കഠിനമായ തൊണ്ട വേദന ഒരു പ്രധാനലക്ഷണമായി കണ്ടുവരുന്നു. ഇതിന് പുറമെ മൂക്കൊലിപ്പ്, ചുമ, പനി, വിയറൽ, പേശി വേദന, തലവേദന എന്നിവയും പ്രത്യക്ഷപ്പെടാം. ചിലരിൽ രുചിയും ഗന്ധവും നഷ്ടപ്പെടുന്ന ലക്ഷണവും കണ്ടുവരുന്നുണ്ട്. നിലവിൽ പുതിയ വകഭേദം കൂടുതൽ ആരോഗ്യ പ്രശ്നങ്ങളോ മരണങ്ങളോ ഉണ്ടാക്കുന്നില്ലയെന്നാണ് ആശ്വാസമാണ്. എന്നാൽ ഇതിന്റെ വ്യാപന വേഗത ആരോഗ്യവിദഗ്ധർക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്.
ജെഎൻ 1 വകഭേദത്തിൽ നിന്ന് ജനിതകപരമായി വ്യത്യസ്തതകളുള്ളതാണ് ബിഎ 3.2. മ്യൂട്ടേഷനുകൾ സംഭവിച്ചതിനാൽ മുൻ വകഭേദങ്ങളെപ്പോലെ വാക്സിനേഷനിൽ നിന്നോ അണുബാധയിൽ നിന്നോ സംരക്ഷണം നൽകുന്നതിന് പരിമിതിയുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിന്റെ അമിതമായ ജനിതക മാറ്റങ്ങൾ വാക്സിൻ പ്രതിരോധത്തെ ഒരു പരിധിവരെ മറികടക്കാൻ വൈറസിനെ സഹായിക്കും. എന്നാൽ വാക്സിൻ രോഗം ഗുരുതരമാകുന്നതിൽ നിന്ന് തടയാൻ സഹായിക്കും.

