സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് ആറിടത്താണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂര്‍(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാര്‍(ഇടുക്കി), തൃത്താല(പാലക്കാട്) എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇത് പ്രകാരം ജനങ്ങള്‍ ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
കളമശ്ശേരി(എറണാകുളം), ഒല്ലൂര്‍(തൃശ്ശൂര്‍), പൊന്നാനി(മലപ്പുറം), ബേപ്പൂര്‍(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അള്‍ട്രാ വയലറ്റ് സൂചിക 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും 11ന് മുകളില്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിക്കുക.

