ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം എത്ര പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വ്യായാമം കൂടിപ്പോയാലോ! ചൈനയിൽ അമിതമായി വ്യായാമം ചെയ്ത് ആർത്തവം നിലച്ച ഒരു 23കാരിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ചൈനീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് യുവതി ലോകത്തിന് മുന്നറിയിപ്പ് നൽകുന്നത്. കഠിനമായ വ്യായാമത്തെ തുടർന്ന് അമെനോറിയ എന്ന അവസ്ഥ ഉണ്ടാവുകയും 23-ാം വയസിൽ ആർത്തവം നിലയ്ക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്.

വ്യായാമത്തോട് തനിക്ക് ആസക്തിയായിരുന്നുവെന്ന് യുവതി പറഞ്ഞു. ആഴ്ചയിൽ ആറു ദിവസം വ്യായാമം ചെയ്യും. ഓരോ സെഷനും 70 മിനിറ്റോളം നീണ്ടു നിൽക്കുന്ന തീവ്രമായ വ്യായാമമായിരിക്കും. ക്രമേണ തന്റെ ആരോഗ്യത്തിൽ ആശങ്കാജനകമായ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയെന്നും യുവതി പറയുന്നു. ആർത്തവകാലത്ത് രക്തസ്രാവം അസാധാരണമായി കുറഞ്ഞത് ഭീതിയുണ്ടാക്കി. വെറും രണ്ട് മണിക്കൂർ മാത്രമാണ് ആർത്തവ രക്തസ്രാവം നീണ്ടു നിന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ തന്റെ ശരീരത്തിലെ ഹോർമോണുകളുടെ അളവു 50 വയസ്സുള്ള സ്ത്രീയുടെ ശരീരത്തിന് സമാനമാണെന്ന് കണ്ടെത്തി. അമിത വ്യായാമം മൂലം യുവതിയുടെ വൃക്കകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കണ്ടെത്തി.
എന്താണ് ‘എക്സര്‍സൈസ് ഇന്‍ഡ്യൂസ്ഡ് അമെനോറിയ’?
ശരീരത്തിലെത്തുന്ന ഊര്‍ജ്ജത്തെ അമിതമായ വ്യായാമത്തിലൂടെ കത്തിച്ചുകളയുമ്പോള്‍ ശരീരം ഒരുതരം അതിജീവന മോഡിലേക്ക് മാറും. ഈ സമയത്ത് ഊര്‍ജ്ജം ലാഭിക്കാനായി ശരീരം തന്നെ പ്രത്യുല്പാദന വ്യവസ്ഥയെ താല്‍ക്കാലികമായി ‘സ്വിച്ച് ഓഫ്’ ചെയ്യുന്നു. ഇതാണ് ആര്‍ത്തവം നിലയ്ക്കാനും ഹോര്‍മോണ്‍ ഉല്പാദനം കുറയാനും കാരണം. ‘എക്സര്‍സൈസ് ഇന്‍ഡ്യൂസ്ഡ് അമെനോറിയ’ (Exercise-induced amenorrhea) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
യുവതിയോട് വ്യായാമം പൂര്‍ണമായും നിര്‍ത്തിവയ്ക്കാനാണ് ഡോക്ടറുടെ നിർദേശം. പരമ്പരാഗത മരുന്നുകളിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും ശരീരത്തെ പഴയ അവസ്ഥയിലേക്ക് എത്തിക്കാനുള്ള ചികിത്സയിലാണ് യുവതി.

