തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ കേസെടുക്കാമെന്നു പൊലീസിനു നിയമോപദേശം. അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയാണ് പൊന്‍കുന്നം പൊലീസിനു നിയമോപദേശം നല്‍കിയിരിക്കുന്നത്. ആത്മഹത്യക്കു മുന്‍പ് മരണമൊഴിയായി അനന്തു പോസ്റ്റ് ചെയ്ത വിഡിയോ തെളിവായി സ്വീകരിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനു കേസെടുക്കാമെന്നാണ് നിയമോപദേശം.

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു പൊന്‍കുന്നം പൊലീസിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനു തമ്പാനൂര്‍ പൊലീസിനും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാമെന്നാണ് എപിപി അറിയിച്ചിരിക്കുന്നത്. ബിഎന്‍എസ് നിയമപ്രകാരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു കേസെടുക്കാന്‍ വകുപ്പില്ല. എന്നാല്‍ കുറ്റകൃത്യം നടന്നത് ഐപിസി നിലനിന്ന കാലത്തായതിനാല്‍ ഐപിസി 377 പ്രകാരം കേസെടുക്കാമെന്നാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. 377 ഐപിസി പ്രകാരമുള്ള കുറ്റത്തിനു പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നും എപിപി പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയതോടെ അസ്വഭാവിക മരണത്തിനു തമ്പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അനന്തുവിന്റെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയുമോ എന്നറിയാനാണ് പൊലീസ് നിയമോപദേശം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *