ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാര്‍ഥിനികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരിക്കുന്നത്. അനുചിതമായി സ്പര്‍ശിച്ചെന്നും അശ്ലീല സന്ദേശം അയച്ചെന്നും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്നുമാണ് പരാതി. ആരോപണത്തിന് പിന്നാലെ സ്വാമിയെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി.
പരാതിക്കാരായ 32 വിദ്യാര്‍ഥികളില്‍ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വാമിയുടെ ആവശ്യങ്ങള്‍ക്കു വഴങ്ങണമെന്ന് കോളജിലെ വനിതാ ഫാക്കല്‍റ്റികള്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
പരാതിക്കു പിന്നാലെ പൊലീസ് ആശ്രമത്തിലും കോളജിലും പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സ്വാമി ഒളിവിലാണെന്നാണ് വിവരം. സ്വാമിയുടെ വോള്‍വോ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതിനു സമാന നമ്പറാണ് അതിന്റേതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെയും പ്രതി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. 2009-ല്‍ തട്ടിപ്പിനും ലൈംഗിക പീഡനത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 2016-ലും മറ്റൊരു ലൈംഗിക പീഡന പരാതി ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു.

