നടന് മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ വര്‍ഷം. ബിഗ് ബോസ് മലയാളം സീസണ് 7 ലെ മത്സരാര്‍ത്ഥികളായ ലെസ്ബിയന്‍ പങ്കാളികളെ പിന്തുണച്ചതിന്റെ പേരിലാണ് മോഹന്‍ലാലിനെതിരെ ചിലര്‍ രംഗത്തെത്തുന്നത്. മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ ആദിലയും നൂറയും ലെസ്ബിയന്‍ കപ്പിള്‍ ആണ്. ഇരുവര്‍ക്കുമെതിരെ സഹതാരം നടത്തിയ അധിക്ഷേപത്തിനെതിരെ മോഹന്‍ലാല്‍ ശബ്ദമുയര്‍ത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
വീട്ടില്‍ കയറ്റാന്‍ കൊള്ളത്തവരാണ് ആദിലയും നൂറയും എന്നായിരുന്നു ലക്ഷ്മിയുടെ അധിക്ഷേപം. എന്നാല്‍ അതിനെ ശക്തായി എതിര്‍ക്കുകയായിരുന്നു മോഹന്‍ലാല്‍. ആദിലയേയും നൂറയേയും തന്റെ വീട്ടില്‍ കയറ്റുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ഈ പ്രതികരണം വലിയ ചര്‍ച്ചയായി മാറി. എല്‍ജിബിടിക്യു കമ്യൂണിറ്റി നേരിടുന്ന അധിക്ഷേപങ്ങള്‍ക്കും മാറ്റി നിര്‍ത്തലുകള്‍ക്കുമെതിരെയുള്ള ചെറുത്തു നില്‍പ്പിന്റെ ഭാഗമായിട്ടാണ് മോഹന്‍ലാലിന്റെ വാക്കുകള്‍ ആഘോഷിക്കപ്പെട്ടത്.
എന്നാല്‍ ഇതിന്റെ പേരില്‍ മോഹന്‍ലാലിന് കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്ന്. തന്റെ പുതിയ സിനിമ വൃഷഭയുടെ പോസ്റ്റര്‍ പങ്കിട്ട മോഹന്‍ലാലിന്റ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ”ചട്ടയും മുണ്ടും മടക്കി കുത്തി കളത്തില്‍ ഇറങ്ങ് ഏട്ടാ, മഴവില്‍ ലാലപ്പന്, ബിഗ് ബോസ് മഴവില്‍ മനോരമയിലായിരുന്നു വേണ്ടത്. അതാകുമ്പോള്‍ മൊത്തത്തില്‍ കളര്‍ ആയേനെ. പ്രണവിനെ ജാസിക്ക് ആലോചിക്കണം ലാലേട്ടാ. തിയേറ്റര്‍ ഹര ഹര മഹാരാജാസ് ടീമിനെക്കൊണ്ട് നിറയും, ലാലേച്ചി, മഴവില്ലേട്ടന്‍, മഴവില്‍ ഒക്കെ ആകാശത്ത് മതി” എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.
‘തനിക്കൊക്കെ പണവും സ്വാധീനവും ഉണ്ട്. ചാളയിലും കൂരകളിലും ജീവിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. അവരുടെ പ്രതീക്ഷകളാണ് വളര്‍ന്നു വരുന്ന അവരുടെ മക്കള്‍. അവരെ വഴിതെറ്റിച്ച് സമൂഹത്തില്‍ വ്യത്തികെട്ട നിലയില്‍ ആവാനാണ് നീ പറഞ്ഞ ആ സപ്പോര്‍ട്ട് എങ്കില്‍ കരുതി ഇരുന്നോ ലാലേ, നിന്റെ വീട്ടില്‍ വരും ഇതിന്റെ കര്‍മ്മ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുന്നത്. മഴവില്‍ ഇമോജികള്‍ കമന്റ് ചെയ്തും ചിലര്‍ നടനെ അധിക്ഷേപിക്കുന്നുണ്ട്.
നേരത്തെ വിന്‍സ്മേര ജ്വല്ലറിയുടെ പരസ്യ ചിത്രത്തിന്റെ പേരിലും മോഹന്‍ലാലിന് അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മോഹന്‍ലാല്‍ സ്ത്രൈണഭാവത്തില്‍ എത്തിയ പരസ്യം വലിയ ചര്‍ച്ചയായി മാറിയതായിരുന്നു. പിന്നാലെയാണ് താരത്തിനെതിരെ വീണ്ടും സമാനമായ രീതിയിലൊരു സൈബര്‍ ആക്രമണമുണ്ടാകുന്നത്.

