ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തി യുഎസ്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്ക്കു പുറമെ ആണിത്. ഇതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേലുള്ള ആകെ തീരുവ 50% ആയി. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതിൽ വർധിപ്പിക്കുമെന്നു സിഎൻബിസി ചാനലിലെ പരിപാടിയിൽ ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

‘ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയിൽനിന്ന് അവർ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാൻ പോകുകയാണ്. യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ.’’– ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനു തടസ്സമായി നിൽക്കുന്നതു തീരുവയാണെന്നു ട്രംപ് തുറന്നടിച്ചു.

ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ ദിവസവും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്നു പ്രതികരിച്ചു. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും അമേരിക്ക റഷ്യയിൽനിന്ന് യുറേനിയം ഹെക്സാഫ്ലൂറൈഡും യൂറോപ്യൻ രാജ്യങ്ങൾ വിവിധ രാസവസ്തുക്കളും വാങ്ങുന്നതും ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വ്യാപാര, നയതന്ത്ര നയങ്ങളെ നിശിതമായി വിമർശിച്ചാണ് പകരംതീരുവ മരവിപ്പിച്ചതിന്റെ കാലാവധി തീരുന്ന ഓഗസ്റ്റ് 1 മുതൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25% പകരംതീരുവയും പിഴയും ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃദ്‌‌ രാജ്യമായിട്ടും ഉയർന്ന തീരുവ മൂലം വളരെ കുറച്ചു വ്യാപാരമേ അമേരിക്കയ്ക്ക് നടത്താൻ കഴിഞ്ഞുള്ളുവെന്നും ട്രംപ് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇറക്കുമതിത്തീരുവ നിലനിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നും അതിനാൽ ഇന്ത്യ – യുഎസ് വ്യാപാരത്തിൽ, തന്റെ രാജ്യത്തിന് 4570 കോടി ഡോളറിന്റെ കമ്മിയുണ്ടന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാണ് ഇന്ത്യയ്ക്കു പിഴ കൂടി ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി മോസ്‌കോയെ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനുള്ള രാജ്യാന്തര ശ്രമത്തിനെതിരാണെന്ന് ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *