നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയു‌ടെ സ്ഥാപനത്തിൽ നിന്നും ക്യുആർ കോഡ് വഴി പണം തട്ടിയ കേസിൽ തട്ടിപ്പ് സമ്മതിച്ച് മുൻ ജീവനക്കാരികൾ. കടയിൽ തെളിവെടുപ്പ് നടത്തവെയാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. കേസിൽ പ്രതികളായ വിനീത, രാധാകുമാരി എന്നിവർ കഴി‍ഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയിരുന്നു.

തട്ടിപ്പുക്കേസില്‍ പ്രതിയായ മൂന്നു ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ക്യുആര്‍ കോഡ് വഴി ചില ദിവസങ്ങളില്‍ രണ്ടു ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. പ്രതികളെ ദിയയുടെ സ്ഥാപനത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ഏതുതരത്തിലാണ് തട്ടിപ്പു നടത്തിയതെന്നു പരിശോധിക്കുകയും ചെയ്തു.

ഇങ്ങനെ ലഭിച്ച പണം ഉപയോ​ഗിച്ച് പ്രതികൾ സ്വർണവും സ്കൂട്ടറുമൊക്കെ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പണയം വച്ചിരിക്കുന്ന സ്വര്‍ണം വീണ്ടെടുക്കാനുള്ള നീക്കം തുടരുകയാണ്. തട്ടിപ്പിലൂടെ നേടുന്ന പണം പ്രതികള്‍ മൂന്നായി പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി.

നികുതി വെട്ടിക്കാന്‍ വേണ്ടി ദിയ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആര്‍ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇതു ശരിയല്ലെന്നു തെളിഞ്ഞു.

ദിയയുടെ ക്യുആര്‍ കോഡിനു പകരം ജീവനക്കാര്‍ സ്വന്തം ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് 40 ലക്ഷത്തോളം രൂപ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ ക്യുആര്‍ കോഡില്‍ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ പരാതി.

ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ പ്രതികള്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *