നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടിട്ടുണ്ടെന്ന് നടി മഞ്ജു പിള്ളയുടെ മകള്‍ ദയ. ഇറ്റലിയില്‍ പഠിക്കുന്ന സമയ്ത്ത് സ്വന്തം ക്ലാസിലെ സുഹൃത്തുക്കളില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് ദയ വെളിപ്പെടുത്തുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദയയുടെ തുറന്നു പറച്ചില്‍. ദയയ്‌ക്കൊപ്പം അമ്മ മഞ്ജു പിള്ളയും അഭിമുഖത്തിലുണ്ടായിരുന്നു.

അമ്മ തനിക്ക് തന്നിട്ടുള്ള ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദയ. ആരേയും തുടക്കത്തില്‍ തന്നെ കണ്ണടച്ചു വിശ്വസിക്കരുതെന്നാണ് അമ്മ തനിക്ക് നല്‍കിയ ഉപദേശമെന്നാണ് ദയ പറയുന്നത്.

”ആദ്യം തന്നെ ആരേയും വിശ്വസിക്കരുതെന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. ബെസ്റ്റ് ഫ്രണ്ടാണെങ്കിലും ഒരു അകലം പാലിക്കണം. നമ്മുടേതായ അതിരുകള്‍ വേണം. അതിനെ മാനിക്കണം. ആത്മാഭിമാനമുണ്ടാകണം. അതുപോലെ മറ്റുള്ളവരേയും ബഹുമാനിക്കണം. അവനവനെ ബഹുമാനിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ക്കും ബഹുമാനം നല്‍കാനാകില്ല. അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.” ദയ പറയുന്നു.

”നമ്മള്‍ ചിലരോട് സംസാരിക്കും. സൗഹൃദം സ്ഥാപിക്കും. അപ്പോഴാകും അവര്‍ പിന്നില്‍ നിന്നും കുത്തുക. ഇറ്റലിയില്‍ വച്ചാണെങ്കില്‍ എന്റെ ക്ലാസിലുള്ളവരില്‍ നിന്നു തന്നെ റേസിസം നേരിട്ടിട്ടുണ്ട്. എപ്പോഴുമല്ല, അവിടെയിവിടെയായി. എന്റെ നിറമായിരുന്നു പ്രശ്നം. എനിക്ക് വേറെ ഇന്ത്യന്‍ സുഹൃത്തുക്കളുണ്ട്. അവരെ അപേക്ഷിച്ച് കുറച്ചു കൂടി ഇരുണ്ട നിറമാണ് എനിക്ക്. എന്റെ നിറത്തില്‍ എനിക്കൊരു പ്രശ്‌നവുമില്ല. ഞാന്‍ ഹാപ്പിയാണ്.” ദയ പറയുന്നു.

”എല്ലാവരുമല്ല, കുറേ ഇറ്റാലിയന്‍ സുഹൃത്തുക്കളുണ്ട്, ചിലരാണ് പ്രശ്‌നം. അവര്‍ ആദ്യം സംസാരിക്കുക നന്നായിട്ടാകും. നമ്മള്‍ ഒരുമിച്ച് കാപ്പി കുടിക്കാന്‍ പോവുകയും സണ്‍ സെറ്റ് കാണാന്‍ പോവുകയുമൊക്കെ ചെയ്തിട്ടുണ്ടാകും. എന്നിട്ട് അവര്‍ റേസിസം കാണിക്കുമ്പോള്‍ നമ്മള്‍ ആശങ്കയിലാകും, എന്ത് ചെയ്തിട്ടാണ്? ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അമ്മ പറയാറുണ്ട്. ആരേയും തുടക്കത്തില്‍ തന്നെ വിശ്വസിക്കരുതെന്ന്. ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും, ഒരു അകലം പാലിക്കണം” എന്നും താര പുത്രി പറയുന്നു.

സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ടു നടക്കുന്നുണ്ട് ദയ. സിനിമയിലെത്തും മുമ്പ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ നേടാന്‍ ദയയ്ക്ക് സാധിച്ചിട്ടുണ്ട്. ദയയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed