കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മരിച്ചതിനു പിന്നാലെ നടപടികളുമായി കെഎസ്ഇബി. മിഥുനിന്റെ മരണത്തിനു കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്തു. കെഎസ്ഇബി ഉദ്യോ​ഗസ്ഥരെത്തിയാണ് സ്കൂളിനു സമീപം താഴ്ന്നു കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ഇന്നലെ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൽ നടന്ന യോ​ഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു.

സൈക്കിൾ ഷെഡിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് 13കാരന്റെ ദാരുണ മരണം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു നിർമിച്ചതാണ് ഷെഡ്.

ക്ലാസിൽ ചെരുപ്പ് എറിഞ്ഞു കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിനു മുകളിൽ വീണു. അതെടുക്കാൻ ബഞ്ചും ഡസ്കും ചേർത്ത് കയറുന്നതിനിടെ മിഥുൻ തെന്നീ വീഴാൻ പോയി. കുട്ടി വീഴാതിരിക്കാൻ പിടിച്ചത് വൈദ്യുതി ലൈനിലായിരുന്നു.

മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *