മകളുടെ അരങ്ങേറ്റ സിനിമയുടെ ടൈറ്റില്‍ ലോഞ്ചില്‍ വിങ്ങിപ്പൊട്ടി നടന്‍ മനോജ് കെ ജയന്‍ . സുന്ദരിയായവള്‍ സ്‌റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി അരങ്ങേറുന്നത്. മകളുടെ അരങ്ങേറ്റത്തിലേക്ക് എത്തിയ നാള്‍വഴികളെക്കുറിച്ച് സംസാരിക്കവെയാണ് മനോജ് കെ ജയന്‍ വിങ്ങിപ്പൊട്ടുന്നത്. ഈ സമയം അടുത്തിരുന്ന മകള്‍ അദ്ദേഹത്തിന്റെ കരം പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മകള്‍ നടിയാകണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ താന്‍ ആദ്യം പറഞ്ഞത് അമ്മ ഉര്‍വശിയെ കണ്ട് അനുഗ്രഹം വാങ്ങണം എന്നാണെന്ന് മനോജ് കെ ജയന്‍ പറയുന്നുണ്ട്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയാണ് ഉര്‍വശിയെന്നും അദ്ദേഹം പറയുന്നു. മകളുടെ സിനിമയുടെ കഥ ആദ്യം കേട്ടത് ഉര്‍വശിയാണെന്നും അദേഹം പറയുന്നു.

”എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിത്. ഏഴാമത്തെ വയസില്‍ കുഞ്ഞിനേയും കൊണ്ട് ചെന്നൈയില്‍ നിന്നും വരുമ്പോള്‍ ഇങ്ങനൊരു കാര്യമൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. നന്നായി പഠിപ്പിക്കുക, നല്ല ജോലി കിട്ടി, നല്ലൊരു പയ്യനെക്കൊണ്ട് കല്യാണം കഴിപ്പിച്ച് സന്തോഷമായി പറഞ്ഞയക്കുക എന്നതായിരുന്നു മനസില്‍. എന്റെ കരിയറില്‍ ഗ്യാപ് വരാന്‍ കാരണം മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതു കൊണ്ടാണ്. എന്നോട് ആദ്യമായി പറയുന്ന ആഗ്രഹം ബാംഗ്ലൂരില്‍ പഠിക്കണം എന്നായിരുന്നു” താരം പറയുന്നു.

”അതിന് ശേഷം ഇവിടെ തന്നെ ജോലി ചെയ്യണം എന്ന് പറഞ്ഞു. രക്ഷപ്പെട്ടുവെന്ന് ഞാന്‍ കരുതി. അങ്ങനെ ജോലി വാങ്ങിച്ചു കൊടുത്തു. അതിന് ശേഷം അവളുടെ ഇഷ്ടത്തിന് അനുസരിച്ച് വേറെ ഒന്ന് രണ്ട് സ്ഥാപനങ്ങളിലും ജോലി ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം പറയുന്നത്. ആദ്യം പറയുന്നത് ഭാര്യ ആശയോടാണ്. ആശ ഇവള്‍ക്ക് അമ്മ മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണ്. എപ്പോഴും ആശയോടാണ് എല്ലാം ആദ്യം പറയുക. ആശ വഴിയാകും ഞാന്‍ അറിയുക”.

”ഞാന്‍ ഒരിക്കലും നോ പറയില്ല. അവളുടെ ഇഷ്ടമാണത്. എന്റെ ആഗ്രഹം വേറെ ആണെങ്കിലും മകള്‍ അത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നടത്തി കൊടുക്കുക എന്നതാണ് ഒരു പിതാവിന്റെ കടമ. ഞാന്‍ ആദ്യം പറഞ്ഞത് അമ്മയെ അറിയിക്കണം എന്നാണ്. അതിന് വേണ്ടി ചെന്നൈയില്‍ പോയാലും കുഴപ്പമില്ല. ഉര്‍വശിയോട് പോയി കാര്യം പറയണം. അവരുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. കാരണം ദക്ഷിണേന്ത്യ കണ്ട ഏറ്റവും വേഴ്‌സറ്റാലിറ്റിയുള്ള നടിയാണ് അവര്‍. അങ്ങനുള്ള ഒരാളുടെ മകളാണ്. അനുഗ്രഹം വാങ്ങിക്കണം എന്ന് പറഞ്ഞ് ഞാന്‍ വിട്ടു. ഞാന്‍ കുറച്ച് ഇമോഷണല്‍ ആണ്. മകളുടെ കാര്യം വരുമ്പോള്‍ ഞാന്‍ അങ്ങനെയാണ്. അവളുടെ അമ്മ വളരെ സന്തോഷത്തോടെ അനുഗ്രഹിച്ചു” എന്നും മനോജ് കെ ജയന്‍ പറയുന്നു.

”എന്റെ സുഹൃത്തുക്കളായ സേതുവും അലക്‌സുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മകള്‍ക്ക് പറ്റിയ നല്ല വേഷമുണ്ടെന്ന് സേതു ആണ് പറയുന്നത്. കഥ കേള്‍ക്കാമോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഉര്‍വശിയെ കേള്‍പ്പിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. അവരാണ് കഥ കേള്‍ക്കേണ്ടത്. അവരുടെ അത്രയും അനുഭവ സമ്പത്ത് എനിക്കില്ല. അവര്‍ക്ക് തൃപ്തിയായി. ശേഷമാണ് ഞാന്‍ കഥ കേള്‍ക്കുന്നത്. എനിക്ക് കഥ ഇഷ്ടപ്പെട്ടു. മകള്‍ക്ക് അതിലേറെ ഇഷ്ടപ്പെട്ടു. ഒരു തുടക്കക്കാരിയ്ക്ക് ഇത്രയും നല്ലൊരു അവസരം കിട്ടുക എന്നത് ചെറിയ കാര്യമല്ല” എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

അരങ്ങേറുന്നത് ഇപ്പോഴാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് കുഞ്ഞാറ്റ. മകളുടെ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ മനോജ് കെ ജയന്‍ അറിയിച്ചിരുന്നു. നവാഗതനായ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ സര്‍ജാനോ ഖാലിദ് ആണ്. ഇക്ക പ്രൊഡക്ഷന്‍സ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *