ന്യൂയോര്‍ക്ക്: ആ ചരിത്ര നിമിഷത്തിന് ഇന്ത്യ ഒരു ദിവസം കൂടി അധികം കാത്തിരിക്കണം. ആക്സിയം 4 ദൗത്യത്തിലേറി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ഐഎസ്ആര്‍ഒ മറ്റന്നാളത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദൗത്യം മാറ്റിയതെന്നാണ് വിശദീകരണം. ബുധനാഴ്ച വൈകീട്ട് 5.30ന് ബഹിരാകാശത്തേക്ക് പുറപ്പെടും.
രാകേഷ് ശര്‍മയുടെ ചരിത്രപരമായ പറക്കിലിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശത്തെന്നും ഇന്ത്യക്കാരനാകും 39കാരനായ ശുഭാംശു ശുക്ല. സ്പേസ്എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ ശുഭാംശു ഉള്‍പ്പെടെ 4 യാത്രികരാണു ഫ്ലോറിഡയിലെ ‘ബഹിരാകാശത്തറവാടായ’ കെന്നഡി സ്പേസ് സെന്ററില്‍ നിന്നു കുതിച്ചുയരുക. 41 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന് ബഹിരാകാശത്തെത്തുന്നത്.
14 ദിവസം ശുഭാംശുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ താമസിച്ച് വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. പ്രമേഹബാധിതര്‍ക്കു ബഹിരാകാശം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതിനുള്ള ഗവേഷണങ്ങളും ഇതില്‍പെടും. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സനാണു യാത്രയുടെ കമാന്‍ഡര്‍. സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്. ശുഭാംശുവിന്റെ യാത്രയ്ക്കായി 538 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്.
2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് ശുഭാംശുവിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും. ഇന്ത്യ സ്വന്തം നിലയ്ക്കു ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്ന ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 യാത്രികരില്‍ ഒരാള്‍ ശുഭാംശുവാണ്. ആക്സിയം ദൗത്യത്തിന്റെ പൈലറ്റ് സ്ഥാനത്തും അദ്ദേഹമാണ്. യുപിയിലെ ലക്നൗവില്‍ ജനിച്ച ശുഭാംശു കാര്‍ഗില്‍ യുദ്ധസമയത്താണു സൈനികസേവനത്തില്‍ ആകൃഷ്ടനായത്.