അന്നൊരിക്കല്‍ മംഗലശ്ശേരി നീലകണ്ഠന്‍ പറഞ്ഞത് പോലെ ഇത് അയാളുടെ കാലമാണ്, മോഹന്‍ലാലിന്റെ കാലം. എംപുരാൻ, പിന്നാലെ വന്ന തുടരും, രണ്ട് സിനിമകളും 200 കോടിയെന്ന മാന്ത്രിക സംഖ്യ കടന്നതോടെ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. അതിന് പിന്നാലെ ഇപ്പോഴിതാ പഴയൊരു സിനിമയുമായി വന്ന് തീയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് മോഹന്‍ലാല്‍.

18 വര്‍ഷങ്ങള്‍ക്ക് ശേഷം, ഛോട്ടാ മുംബൈ വീണ്ടും തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജൂണ്‍ 6നായിരുന്നു ആരാധകര്‍ കാത്തിരുന്ന റീ-റിലീസ്. തലയുടേയും കൂട്ടുകാരുടേയും രണ്ടാം വരവ് വന്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലെങ്ങും ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ നിന്നുള്ള വീഡിയോകളാണ്. സിനിമയിലെ പാട്ടിനൊപ്പം ആടുന്ന ആരാധകരാണ് സോഷ്യല്‍ മീഡിയ നിറയെ.

കേരളത്തില്‍ മാത്രമല്ല ബംഗളൂരു അടക്കമുള്ള നഗരങ്ങളിലും ഛോട്ടാ മുംബൈ റീ-റിലീസ് ചെയ്തിട്ടുണ്ട്. അവിടേയും വന്‍ വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അവധി ദിവസമായ ഞായറാഴ്ച കേരളത്തില്‍ നിന്നുമാത്രം ചിത്രം നേടിയത് 70 ലക്ഷം രൂപയാണ്. ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ നേടിയത് 1.90 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മിക്ക തീയേറ്ററുകളിലും ഇതിനോടകം തന്നെ ഷോകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആരാധകര്‍ തീയേറ്ററിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മുമ്പൊരു റീ-റിലീസിനും കാണാത്ത തിരക്കാണ് ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ കാണാന്‍ സാധിക്കുന്നത്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ അധിവേഗം തന്നെ ദേവദൂതന്‍ റീ-റിലീസില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡ് ഛോട്ടാ മുംബൈ മറി കടക്കുമെന്നാണ് കരുതപ്പെടുന്നത്. 5.2 കോടിയാണ് ദേവദൂതന്‍ നേടിയത്. 17 ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. എന്നാല്‍ നാലാം നാള്‍ രണ്ട് കോടി പിന്നിടുകയാണ് ഛോട്ടാ മുംബൈ.

ഇതോടൊപ്പം മറ്റൊരു നേട്ടവും മോഹന്‍ലാല്‍ സ്വന്തമാക്കിയിട്ടുണ്ട്. 75 ദിവസത്തിനുള്ളില്‍ മോഹന്‍ലാലിന്റെ മൂന്ന് സിനിമകള്‍ ചേര്‍ന്ന് നേടിയത് 500 കോടിയാണ്. ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാന്‍ 266.3 കോടി രൂപ നേടിയപ്പോള്‍ പിന്നാലെ വന്ന തുടരും 233 കോടി രൂപയും നേടിയിരുന്നു. ഇതിന് പിന്നാലെ ഛോട്ടാ മുംബൈയും വന്നതോടെ മോഹന്‍ലാല്‍ 500 കോടി തൊട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മോഹന്‍ലാല്‍ സിനിമകള്‍ക്ക് റീ-റിലീസില്‍ ലഭിക്കുന്ന സ്വീകരണവും വിസ്മയിപ്പിക്കുന്നതാണ്. ദേവദൂതന്‍ അഞ്ച് കോടി കടന്നപ്പോള്‍ സ്ഫടികവും മണിച്ചിത്രത്താഴും രണ്ടാം വരവില്‍ നാല് കോടിയിലധികം രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു. ഇക്കൂട്ടത്തിലേക്കുള്ള ഛോട്ടാ മുംബൈയുടെ അതിവേഗമുള്ള കുതിപ്പ് ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ ആവേശം കൊള്ളിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീ-റിലീസുകള്‍ പ്രതീക്ഷിക്കാമെന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *