ഇന്ന്, ജൂൺ 5, ലോക പരിസ്ഥിതി ദിനം. “പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1974 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയത്. ഇന്ന് 150ലധികം രാജ്യങ്ങൾ ഇതിൽ പങ്കാളികളാകുന്നുണ്ട്. എല്ലാ വർഷവും ഓരോ രാജ്യങ്ങളായിരിക്കും അവബോധ പ്രചാരണത്തിന് നേതൃത്വം നൽകുക. ഈ വർഷം റിപ്പബ്ലിക് ഓഫ് കൊറിയയാണ് അന്താരാഷ്ട്ര ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്നത്.

പ്ലാസ്റ്റിക് ഒരു കാലത്ത് സാങ്കേതിക പുരോഗതിയുടെ പ്രധാനഘടകമായിരുന്നു. എന്നാൽ, അത് പ്രകൃതിക്കും മനുഷ്യനും വരുത്തി വയ്ക്കുന്ന ദോഷങ്ങൾ ചെറുതല്ല. ഒരു പ്ലാസ്റ്റിക് ഉത്പന്നം നശിക്കാൻ ഏകദേശം 400 വർഷമെടുക്കുന്നു. ഇതിനിടയിൽ, അതിൻ്റെ മൈക്രോ കണികകൾ മണ്ണിലും വെള്ളത്തിലും നമ്മുടെ രക്തത്തിൽ പോലും കലരുന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ഓരോ വർഷവും 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിൽ 36 ശതമാനവും പാക്കേജിങ്ങിനാണ് ഉപയോഗിക്കുന്നത്. എന്നാൽ, ആഗോളതലത്തിൽ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ വെറും 9 ശതമാനം മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളൂ എന്നത് പ്രശ്നത്തിൻ്റെ വ്യാപ്തി വർധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയുടെയും ജൈവവൈവിധ്യത്തിൻ്റെയും നഷ്ടം, മലിനീകരണം, മാലിന്യം എന്നിവയുടെ ആഘാതം പ്ലാസ്റ്റിക് മലിനീകരണം കൂടുതൽ വേഗത്തിലാക്കുന്നു.

ഓരോ വർഷവും ഏകദേശം 11 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ജല ആവാസവ്യവസ്ഥയിലേക്ക് എത്തുന്നു. കാർഷിക ഉത്പന്നങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കാരണം മലിനജലത്തിൽ നിന്നും മാലിന്യ കൂമ്പാരങ്ങളിൽ നിന്നും മൈക്രോപ്ലാസ്റ്റിക് മണ്ണിൽ അടിഞ്ഞുകൂടുന്നു.

2040 -ഓടെ ഭൂമിയിലെ നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവും എന്നാണ് പഠനങ്ങൾ. പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുക, പുനരുപയോഗത്തിലൂടെ മാലിന്യം കുറക്കുക വനവൽക്കരണം തുടങ്ങി നിരവധി മാർഗങ്ങൾ നമുക്കുമുന്നിലുണ്ട്. പ്രകൃതിയെ, ഭൂമിയെ, ആവാസവ്യ,വസ്ഥയെ സംരക്ഷിക്കേണ്ടത് ഓരോ പൗരൻറേയും ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഈ പരിസ്ഥിതിദിനവും മുന്നോട്ടുവക്കുന്നത്.

ഈ പരിസ്ഥിതി ദിനത്തിൽ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ രീതിയിൽ മാലിന്യം സംസ്കരിക്കുന്നതിനും ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ, കുപ്പികൾ എന്നിവ ഒഴിവാക്കുക, തുണിസഞ്ചികൾ പോലുള്ള പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ശീലമാക്കുക, മാലിന്യം തരംതിരിച്ച് സംസ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കുക എന്നിവയിലൂടെ ഓരോ വ്യക്തിക്കും ഈ പോരാട്ടത്തിൽ പങ്കാളിയാകാം. കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിമുക്തമായ, ഹരിതാഭമായ ഒരു നാളേക്കായി നമുക്ക് കൈകോർക്കാം.

Leave a Reply

Your email address will not be published. Required fields are marked *